യൂറോപ്പിലെയും ആൽപ്സ് പർവതനിരകളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫ്രാൻസിലെ മോണ്ട് ബ്ലാങ്ക് കൊടുമുടി കീഴടക്കി ഒൻപത് വയസ്സുകാരൻ ചരിത്രമെഴുതി. ലേലിയോ മാസിമോ ഡി റൊക്കാസെക്കയാണ് പിതാവ് വാലേരിയോ മാസിമോയ്ക്കൊപ്പം (53) 4807 മീറ്റർ ഉയരമുള്ള ഈ മഞ്ഞുമലയുടെ നെറുകയിലെത്തി റെക്കോർഡ് സ്വന്തമാക്കിയത്.
ഇതോടെ സ്വന്തം പരിശ്രമത്തിലൂടെ ഈ കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലെലിയോ മാറിയെന്ന് കുടുംബവും പർവതനിരയിലെ ഗോതർ ഹട്ട് ഉടമ ആന്റണി റാറ്റിനും സ്ഥിരീകരിച്ചു. സെപ്റ്റംബർ നാലിനാണ് പരിചയസമ്പന്നനായ പർവതാരോഹകനായ പിതാവ് വലേരിയോ മാസിമോയ്‌ക്കൊപ്പം ലെലിയോ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. കൊടുമുടിയിൽ നിന്ന് ആയിരത്തോളം മീറ്റർ താഴെയുള്ള ഗോതർ ഹട്ടിൽവച്ചായിരുന്നു കുടുംബത്തിന്റെ വിജയാഘോഷം.
മൂന്നാം വയസ്സിൽ അപെനൈൻസ് മലനിരകളിലെ എളുപ്പമുള്ള പാതകൾ കയറിയാണ് ലെലിയോ പർവതാരോഹണത്തിലേക്ക് ചുവടുവെക്കുന്നത്. അഞ്ചാം വയസ്സിൽ അപെനൈൻസിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഗ്രാൻ സാസോയും തുടർന്ന് ഡോളമൈറ്റ്‌സും ലെലിയോ കീഴടക്കിയിരുന്നു. മകനെ ഒരിക്കലും ഈ രംഗത്തേക്ക് നിർബന്ധിച്ചു വിട്ടിട്ടില്ലെന്നും, പർവതങ്ങളോടുള്ള ആവേശം അവൻ സ്വയം വളർത്തിയെടുത്തതാണെന്ന് പിതാവ് വലേരിയോ പറഞ്ഞു.








