അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ വിവാഹ നിശ്ചയം ഏറ്റെടുത്ത് നെറ്റിസണ്‍സ്; വധു ആരെന്നും അന്വേഷണം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബൗളറുമായിരുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇളകി നെറ്റിസണ്‍സ്. താരത്തിനും പ്രതിശ്രുത വധുവിനും എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ആശംസകള്‍ നിറയുകയാണ്. വ്യാഴാഴ്ചയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും മുംബൈ വ്യവസായി രവി ഘായിയുടെ ചെറുമകളായ സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത തീര്‍ത്തും സ്വകാര്യമായി 13ന് ആയിരുന്നു ചടങ്ങ്. എന്നാല്‍ ടെന്‍ഡുല്‍ക്കര്‍ കുടുംബമോ ഗായ് കുടുംബമോ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും വാര്‍ത്ത വിവിധ പ്ലാറ്റ്ഫോമുകളില്‍ പെട്ടെന്ന് വൈറലായി. ഇതോടെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതികരണങ്ങളും വന്നുതുടങ്ങിയത്.

വളരെ പോസിറ്റീവ് ആയിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. മിക്കവരും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സാനിയ ചന്ദോക്കിനും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില ആരാധകര്‍ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹ നിശ്ചയം സംബന്ധിച്ച ഔദ്യോഗിക ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പലരും ദമ്പതികളെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കമന്റുകളില്‍ നിന്ന് മനസിലാക്കാം. അതിനിടെ സാനിയ ചാന്ദോകിനെ കുറിച്ച് വിവരങ്ങള്‍ തേടുന്നവരും ഏറെയുണ്ടായി.

ആരാണ് സാനിയ ചന്ദോക്?

മുംബൈയിലെ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. സാനിയയുടെ മുത്തച്ഛന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേരെടുത്ത കമ്പനികളായ ഐസ്‌ക്രീം ദി ബ്രൂക്ലിന്‍ ക്രീമറിയുടെ പിന്നിലെ മാതൃ കമ്പനിയായ ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. മുംബൈ നഗരത്തിലെ ഹോസ്പിറ്റാലിറ്റി, ഫുഡ്-ആന്‍ഡ്-ബീവറേജ് വ്യവസായത്തിലെ ഒരു വലിയ പേരാണ് ഗ്രാവിസ് ഗ്രൂപ്പ്.

ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് അനുസരിച്ച് വളര്‍ത്തുമൃഗങ്ങളുടെ ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ മിസ്റ്റര്‍ പാവ്‌സിന്റെ സ്ഥാപകയാണ് സാനിയ ചന്ദോക്. പേജില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മൃഗപരിപാലന കോഴ്‌സ് പൂര്‍ത്തിയാക്കി വെറ്ററിനറി ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുകയാണ് അവര്‍. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ 804 ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ സാനിയക്കുണ്ട്.