അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ SIT. മറ്റു ട്രസ്റ്റ് ഭാരവാഹികളിൽ നിന്നും വിവരങ്ങൾ തേടും. ഇടക്കാല ട്രസ്റ്റ് ജനറൽ സെക്രട്ടറി ഗോവിന്ദ് ദേവ് ഗിരിയെ SIT സംഘം കാണും. SIT സംഘം അയോധ്യ ക്ഷേത്രം സന്ദർശിക്കും. നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം.
അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തോട്(എസ്.ഐ.ടി.) റിപ്പോർട്ട് തേടിയിരുന്നു. കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് നോട്ടീസ് അയച്ചു. അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യു.പി. സർക്കാർ രൂപീകരിച്ച എസ്.ഐ.ടിയോട് കോടതി നിർദേശിച്ചു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് തള്ളി. എസ്.ഐ.ടി. രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഹർജിക്കാർ ആവശ്യപ്പെടുന്ന കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.









