ബജറ്റില്‍ ഒന്നും കിട്ടിയില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ പ്രവര്‍ത്തകനും സാധിക്കില്ല എന്നുള്ളത് ഒരു വലിയ സത്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും ഇല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്‌തോളൂവെന്നും ശവപ്പറമ്പിലാണെങ്കില്‍ അവിടെ വന്ന് ചോദ്യം ചെയ്‌തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനവേദിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.2014 മതല്‍ 125 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍, കണക്റ്റിവിറ്റി ശക്തി ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിച്ചുകൊണ്ട് കേരളം ഇപ്പോള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിച്ച റെയില്‍വേ ശൃംഖലയായി മാറി കഴിഞ്ഞിരിക്കുന്നു. മൂന്ന് വന്ദേഭാരത്, മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ട്രെയിന്‍ സര്‍വീസുകള്‍ യാത്രയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും വര്‍ധിപ്പിച്ചു. യാത്രക്കാര്‍ ഏറെയുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്നും പതിനാറും ഇരുപതും ആയി ഉയര്‍ത്തി. സ്റ്റേഷന്‍ പുനര്‍ വികസനം, ഫ്‌ലൈ ഓവറുകള്‍, എല്ലാവര്‍ക്കും പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ യാത്രക്കാരുടെ സൗകര്യങ്ങളെ നിരന്തരം മാറ്റിക്കൊണ്ടേയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റ്‌റുകള്‍ക്കും ലിഫ്റ്റുകള്‍ക്കും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഈയിടെ തൃപ്പൂണിത്തറയിലും ചങ്ങനാശ്ശേരിയിലും ആയി നാല് ലിഫ്റ്റുകള്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. അതുപോലെ ആലുവ സ്റ്റേഷനിലെ രണ്ടു പുതിയ ലിഫ്റ്റുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ് – അദ്ദേഹം പറഞ്ഞു.കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം വളരെ വ്യക്തമാണെന്നതും അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടു കുതിക്കുകയാണ്. ഭാവിയിലേക്ക് നോക്കുമ്പോള്‍ വികസിത കേരളം, വികസിത ഭാരതം എന്നീ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി കേരളത്തിന്റെ വികസനത്തിനായി ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രധാന ഇടനാഴികളില്‍ ട്രെയിനുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിനുമായി സര്‍വ്വേകള്‍ക്ക് അനുമതി നല്‍കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ കഴിഞ്ഞ ദിവസമാണ് അറിയിപ്പ് നല്‍കിയത് – അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പങ്കെടുത്ത എം കെ പ്രേമചന്ദ്രന്‍ കേന്ദ്രറെയില്‍വേ മന്ത്രാലയത്തിനെ പുകഴ്ത്തി. രാഷ്ട്രീയത്തിലെ എതിര്‍പ്പൊക്കെ ഓടി ജയിക്കുന്നതിനുള്ളത് മാത്രമെന്നും, ജയിച്ചു കഴിഞ്ഞാല്‍ ഒന്നിച്ച് ആണ് ഓടുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രനുമായുള്ള സൗഹൃദം സൂചിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു.








