നോട്ടീസിൽ പോലും പേര് വയ്ക്കാതെ അവഗണിച്ചപ്പോഴാണ് സിപിഐഎം വിട്ടതെന്ന് ഐഷ പോറ്റി. കൊട്ടാരക്കരയിലെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള വാർത്തകളെ കുറിച്ച് അറിയില്ലെന്നും പ്രതികരണം. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിച്ച സ്പെഷ്യൽ എൻകൗണ്ടറിലായിരുന്നു ഐഷാ പോറ്റിയുടെ പ്രതികരണം.കുറച്ചുനാളായി തന്റെ സാന്നിധ്യം സിപിഐഎമ്മിന് ആവശ്യമില്ലെന്ന് തോന്നിയുട്ടുണ്ട്. ഒരു പരിപാടിയിൽ പോലും തന്നെ പങ്കെടുപ്പിക്കില്ല. ഞാനെന്നൊരാൾ ജീവിച്ചിരിക്കുന്നു എന്നുപോലും പാർട്ടിക്ക് തോന്നലില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. അവഗണന എന്ന് പറയുമ്പോൾ സ്ഥാനം കിട്ടുക എന്നതല്ലെന്ന് ഐഷ കൂട്ടിച്ചേർത്തു.കഴിഞ്ഞതവണ മുന്നിൽ നിന്നാണ് താൻ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. ഓവർ ടൈം പണിയെടുത്തു. എല്ലാവരോടും താൻ അതൃപ്തി പറഞ്ഞിരുന്നുവെന്നും ഐഷ പറയുന്നു. സൈബർ ആക്രമണങ്ങൾ കാര്യമാക്കാൻ നിൽക്കുന്നില്ലെന്നും കൊട്ടാരക്കര സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള വാർത്ത കേട്ടിട്ടില്ലെന്നും ഐഷ പോറ്റി വ്യക്തമാക്കി. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ രാപ്പകൽ സമരവേദിയിലെത്തിയാണ് ഐഷപോറ്റി പാർട്ടി അംഗത്വം സ്വീകരിച്ചത്.
കൊട്ടാരക്കരയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ ഐഷ പോറ്റി സിപിഐഎമ്മുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസിലെത്തിയത്. പ്രതിപക്ഷനേതാവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശം.








