അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കുരുക്ക്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. എപ്സ്റ്റീനൊപ്പം മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ബിൽ ഗേറ്റ്സുമുണ്ട്.
അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡമോക്രാറ്റുകൾ രണ്ടു തവണയായി പുറത്തുവിട്ട തൊണ്ണൂറിലധികം ചിത്രങ്ങളിൽ ട്രംപ്, ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്‌സ്, നടൻ വൂഡി അലൻ എന്നിവരടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളാണ് ഉള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റത്തിന് ശിക്ഷ അനുഭവിച്ചുവരവേ 2019-ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്സ്റ്റീനുമായി സുഹൃത്ത് ബന്ധം ഉണ്ടായിരുന്നുവെങ്കിലും താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്.
അതേസമയം പുറത്ത് വന്ന ചിത്രങ്ങളിൽ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ട്രംപിനെതിരെ ഉയർത്തുന്നത്.
നേരത്തെ തന്നെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീൻ അറസ്റ്റിലാവുന്നതിന് മുൻപ് തന്നെ തങ്ങൾ പിരിഞ്ഞുവെന്നാണ് ട്രംപ് വിശദമാക്കിയത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട് എല്ലാ ഫയലുകളും പുറത്തുവിടുമെന്നും അറിയിച്ചിരുന്നു.







