Headlines

ചേരാനല്ലൂര്‍ ബെന്‍സ് കാറപകടം: ‘മുന്‍പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്‌കൂളില്‍ പോയിട്ടുണ്ട് ‘: 17കാരന്റെ നിര്‍ണായക മൊഴി

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകടത്തില്‍ അന്വേഷണസംഘത്തിന് നിര്‍ണായക മൊഴി നല്‍കി പതിനേഴുകാരന്‍. മുന്‍പും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്‌കൂളില്‍ പോയിട്ടുണ്ടെന്നും പതിനേഴുകാരന്‍ സമ്മതിച്ചു. സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെയാണ് 17കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തില്‍ അല്ലാതെ മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത്.

കേസില്‍ 17കാരന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ സര്‍ക്കാരിന് ഇന്നലെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകന്‍ വഴി 17 വയസുകാരനും കോടതി നോട്ടീസ് അയച്ചു.

കോടതിയുടെ ഭാഗത്തുനിന്നുള്ള സ്വാഭാവിക നടപടിയാണ് ഇത്. 17 വയസുകാരന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് ഗുരുതര വീഴ്ചയാണെന്നും ഉന്നത സ്വാധീനമുള്ളയാളാണ് 17കാരന്റെ പിതാവെന്നതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹര്‍ജി നല്‍കിയത്. അപകടത്തിന് പിന്നിലുണ്ടായത് കേവലം അശ്രദ്ധയല്ലെന്നും മറിച്ച് മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത സമീപനമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേയാള്‍ മുമ്പും അശ്രദ്ധമായി വാഹനം ഓടിച്ചത് കൂടി സൂചിപ്പിച്ചുകൊണ്ടാണ് ഹര്‍ജി.

ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേസാണെന്നും ജാമ്യം നല്‍കി വിടുന്നത് നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടിയെ ഒബ്സെര്‍വഷന്‍ ഹോമില്‍ അയക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം. നടപടി ക്രമങ്ങളിലെ പൊലീസ് വീഴ്ച്ച വേറെ വിഷയമെന്നും ഭദ്രകീര്‍ത്തി ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 25-നാണ് ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണന്‍ മരിക്കുന്നത്.