Headlines

ഫോണില്‍ കിട്ടാതിരുന്ന സാഹചര്യം അടക്കം വിശദീകരിച്ചു, എല്ലാം സെറ്റില്‍ഡ്, മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു: ജി സുകുമാരന്‍ നായര്‍

പെരുന്ന: അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒടുവില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും മുഖ്യമന്ത്രി വി ഡി സതീശനുമിടയില്‍ മഞ്ഞുരുക്കം. മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ഫോണിലൂടെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള എല്ലാ കാര്യങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. (conflicts resolved between vd satheesan and g sukumaran nair)

ഫോണില്‍ കിട്ടാതിരുന്ന സാഹചര്യം ഉള്‍പ്പെടെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയെന്നും അത് സ്വീകാര്യമായി തോന്നുന്നു എന്നുമാണ് സുകുമാരന്‍ നായരുടെ പ്രതികരണം. മുഖ്യമന്ത്രി കൃത്യമായി സാഹചര്യങ്ങള്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതില്ലല്ലോ എന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയായിട്ടുള്ള വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസിന് അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ തുടക്ക സമയമാണല്ലോ ഇത്. ചെറിയ ചെറിയ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മുന്നിലോ കേന്ദ്ര സര്‍ക്കാരിന് മുന്നിലോ ഒരു ആവശ്യവുമായി എന്‍എസ്എസ് എത്തിയിട്ടില്ല. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നതാണ് ആദ്യം മുതല്‍ക്കേയുള്ള ആവശ്യം. ചില സംഘടനകള്‍ പറയുന്നത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ദരിദ്രരായവര്‍ക്ക് സംവരണം നല്‍കണമെന്നാണ്. പക്ഷേ തങ്ങള്‍ ആവശ്യപ്പെടുന്നത് സാമ്പത്തികത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംവരണമാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.