തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തിലായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ അയൽവാസിയായ സന്ദീപ് കല്ലെടുത്ത് ഇടിച്ച് മർദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലും ക്രൂരമായി മർദിച്ചു.
ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തിന് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു ഉഷ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് പൊലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.






