സ്വര്‍ണക്കടത്ത്: റിമാന്‍ഡിലായ ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ചട്ടം അനുസരിച്ചാണ് തീരുമാനം. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ജയില്‍ വകുപ്പിന്റെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് നിലവില്‍ ശിവശങ്കറിനെ പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ വൈകീട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇഡിയുടെ വാഹനത്തിലാണ് ശിവശങ്കറെ കാക്കനാട്ടേക്ക് കൊണ്ടുപോയത്.

കേന്ദ്ര പോലിസ് അകമ്പടി സേവിച്ചു. കൊവിഡ് പരിശോധനയ്ക്കായി നേരത്തേതന്നെ സാംപിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം വന്നശേഷമേ അദ്ദേഹത്തെ ജയിലിലേക്കു മാറ്റുന്നത് പരിഗണിക്കൂ. നിരീക്ഷണത്തിനുശേഷം കൊവിഡ് നെഗറ്റീവ് ആയാല്‍ അദ്ദേഹത്തെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പകല്‍ മുഴുവന്‍ നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.

സ്വര്‍ണക്കളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് രണ്ടുദിവസം മുമ്പ് സ്വപ്‌ന ഇഡിക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഇഡിയുടെ അഭിഭാഷകന്‍ ശിവശങ്കറിനെതിരേ ചുമത്തിയത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ എല്ലാ ഒത്താശയും ചെയ്തിരുന്നെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.