തിരുവനന്തപുരം ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കേരളഘടകം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിനെച്ചൊല്ലി വിവാദം. ക്രമസമാധാനപാലനം തന്റെ അധികാരപരിധിയിലുള്ള വിഷയമല്ലെന്ന സൂര്യകാന്തിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ കുറിപ്പ്.കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ഔദ്യോഗിക എക്സ് പേജിലൂടെ ചീഫ് ജസ്റ്റിസിനെതിരെ വിവേകശൂന്യമായി പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഏതുസാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കും. കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ കെപിസിസി നേതൃത്വത്തിന്റെ നിലപാടല്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് കെപിസിസിയുടെ പോസ്റ്റ്; വിവാദം







