Headlines

സെയിൽസ് ഗേളിന്റെ കൈകളിൽ പശ തേച്ച ശേഷം കത്തിമുനയിൽ മാല കവർന്നു; പ്രതിയെ കീഴടക്കി നാട്ടുകാർ

ബെംഗളൂരു ∙ സഹായം അഭ്യർഥിച്ച് കടയിലെത്തിയ യുവാവ് കത്തി കാട്ടി സെയിൽസ് ഗേളിന്റെ മാല കവർന്നു. ബെംഗളൂരു ഇന്ദിരാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 31ന് രാവിലെ 11.45 ഓടെയാണ് സംഭവം. മാല മോഷ്ടിച്ച ശേഷം, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരിൽനിന്നു രക്ഷപ്പെടാനായി യുവാവ് സെയിൽസ് ഗേളിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്നെ ആരോ പിന്തുടർന്നു കൊല്ലാൻ ശ്രമിക്കുന്നെന്നും സഹായിക്കണമെന്നും പറഞ്ഞാണ് പ്രഭുരാജ് എന്നയാൾ ഷോപ്പിലേക്ക് ഓടിക്കയറിയത്. തുടർന്ന് യുവതിയുടെ കഴുത്തിലുണ്ടായിരുന്നു 4.5 ലക്ഷം രൂപ വിലമതിക്കുന്ന 35 ഗ്രാം ഭാരമുള്ള സ്വർണമാല ഊരി നൽകാൻ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ശേഷം യുവതിയുടെ ഇരു കൈകളിലും പശതേച്ച് കടയിലെ മേശയുടെ മുകളിൽ ഒട്ടിച്ചു.ബഹളം കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ പ്രഭുരാജ് കത്തി യുവതിയുടെ കഴുത്തിൽ വച്ച് ആളുകളോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിയുടെ ശ്രദ്ധ തിരിച്ചശേഷം നാട്ടുകാർ പ്രഭുരാജിനെ കീഴടക്കി പൊലീസിനും കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.