ഗസ്സയിൽ സമാധാനം പുലർന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. ഇനിയുള്ള കാലമത്രയും പ്രതീക്ഷകളുടേതും സമാധാനത്തിന്റേതുമാണെന്ന് പറഞ്ഞ ട്രംപ്, കാലങ്ങളായി നിലനിൽക്കുന്ന നിരവധി ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയ്ക്ക് ഇത് ചരിത്ര മുഹൂർത്തമാണ്. ഗസ്സയിലുള്ളവർ ഇനി സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഗസ്സയിൽ ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തിനും ഉള്ള ആദരസൂചകമാണിത്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വരും ദിവസങ്ങൾ സമാധാനത്തിന്റേത് എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത് . “ഒക്ടോബർ 7 ന് ഇസ്രയേലിനെ ആക്രമിച്ചത് ഒരു വലിയ തെറ്റായിരുന്നു. ഇസ്രയേൽ എത്ര ശക്തവും ദൃഢനിശ്ചയമുള്ളതുമാണെന്ന് നമ്മുടെ ശത്രുക്കൾക്ക് ഇപ്പോൾ മനസ്സിലായി” ഒക്ടോബർ 7 ലെ ആക്രമണത്തെത്തുടർന്ന് ഹമാസിനെതിരെ ആരംഭിച്ച സൈനിക ആക്രമണത്തെ പരാമർശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
അതേസമയം, ഗസ്സയില്‍ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറി. രണ്ടായിരത്തോളം വരുന്ന പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ബന്ദിമോചനത്തില്‍ വലിയ ആഹ്ലാദ പ്രകടനത്തിനാണ് ടെല്‍ അവീവ് സാക്ഷ്യം വഹിച്ചത്. ഇരുട്ടറയിലെ 737 ദിവസത്തെ ദുരിത ജീവിതത്തിനൊടുവിലാണ് പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള ബന്ദികളുടെ ഈ മടക്കം.