Headlines

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി.

ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരില്‍ ഒരാളാണ് കരോലിന്‍ എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രശംസിച്ചു. മാഗയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അനൗദ്യോഗിക വക്താവായി തുടരുമെന്ന് ലെവിറ്റ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 18 മാസത്തിനു ശേഷമാണ് കരോലിന്‍ പ്രസ് സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. 28 വയസുകാരിയായ കരോലിന്‍ വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ ആയിരുന്നു.2025 ജനുവരി മുതല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ലെവിറ്റ്. ലെവിറ്റ് ചുമതലയേറ്റ ശേഷം ലോക രാഷ്ട്രീയത്തില്‍ നിര്‍ണായക സംഭവങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. വെനസ്വേലയിലെ ഭരണ അട്ടിമറി, ഇറാനിലേക്കുള്ള അമേരിക്കന്‍ ആക്രമണം എന്നിങ്ങനെയുള്ള സമയത്തെല്ലാം നിര്‍ണായക വിവരങ്ങള്‍ ലോകത്തെ അറിയിച്ചത് ലെവിറ്റ് ആയിരുന്നു.

2020ല്‍ ട്രംപ് ഭരണത്തിലേറിയപ്പോള്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2024ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാഷണല്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.