സ്കൂളുകളിലെ പാദപൂജ വിവാദത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ വാദങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാദപൂജ കേരള സംസ്കാരത്തിന് യോജിച്ചതല്ല.ഗവർണർ പറയുന്നതെല്ലാം ആർഎസ്എസ് അജണ്ടയാണ്. ഗവർണറെ പോലെയുള്ള ഭരണത്തലവന്റെ പരാമർശങ്ങൾ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു.
ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു ഗവർണർ പറഞ്ഞിരുന്നത്. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ വിമർശിച്ചിരുന്നു.
അധ്യാപകൻ വിദ്യാർഥികളെകൊണ്ട് കാല് കഴുകിപ്പിച്ചത് ഞെട്ടിക്കുന്നതാണ്. ആലപ്പുഴയിൽ ബിജെപി നേതാവാണ് കാലു കഴുകിപ്പിച്ചത്. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമാണിതെന്നും
ഇത്തരക്കാർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ മാനസിക പീഡനമാണിത്. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം കർശനനടപടി ഉണ്ടാകും.
അതേസമയം, സ്കൂളുകളുടെ സമയ മാറ്റത്തിൽ ഇനി പുനരാലോചനയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയിലൂടെ ആശയക്കുഴപ്പം പരിഹരിക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിൽ ഒരു സംഘടനയെയും വെല്ലുവിളിക്കാൻ ഇല്ല. നാട്ടിലെ സമസ്ത വിഭാഗത്തിന്റെയും പിന്തുണയുണ്ട്. ഇനിയും അത് വേണമെന്നും മന്ത്രി വ്യക്തമാക്കി.