Headlines

‘അമ്മ’യിൽ നിന്ന് അൻസിബയുടെ അപ്രതീക്ഷിത രാജി; കാരണം വ്യക്തമാക്കി ശ്വേത മേനോൻ

 

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു അൻസിബ. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി ശ്വേത പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായി ശ്വേത മേനോൻ പറഞ്ഞു.

 

‘‘വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി.” ശ്വേതാ മേനോൻ പറഞ്ഞു.ശ്വേത മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്‌ഷനിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർഥി അൻസിബ ഹസൻ ആയിരുന്നു. ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അൻസിബ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നടി കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. അടുത്തിടെ താരസംഘടനയിലെ ഒരു ഓഫിസ് സ്റ്റാഫ് തൊഴിൽപരമായ പീഡനം നേരിടുന്നു എന്ന് ആരോപണം ഉന്നയിച്ചിരുന്നു. സംഘടനയുടെ ട്രഷറാനായ ഉണ്ണി ശിവപാലിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിച്ചത്. ഇക്കാര്യങ്ങളെല്ലാം ഇന്നലെ നടന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്തു എന്നും ഉണ്ണി ശിവപാലിനെ നിർബന്ധിത ലീവിലേക്ക് വിടുകയും ചെയ്തു എന്ന് ശ്വേത മേനോൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ താരസംഘടനയിൽ ഏവർക്കും സ്വീകാര്യയായ അൻസിബ ഹസൻ എന്ന യുവതാരം രാജിവച്ചൊഴിയുന്നത് ചോദ്യചിഹ്നമാവുകയാണ്.