ശ്രീനഗർ∙ ഡ്യൂട്ടിക്കിടെ കാണാതായ ജമ്മു കശ്മീർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ തലയിലും മറ്റൊരാളുടെ മുതുകിലും വെടിയേറ്റു. ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ, ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് കരുതുന്നത്.ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസ് കരുതുന്നത്. തുടക്കത്തിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയി. ഉദ്യോഗസ്ഥർ തിരിച്ചെത്താത്തതിനെത്തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും തിരച്ചിൽ ആരംഭിച്ചു.ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ സിആർപിഎഫ് ചെക്പോസ്റ്റിനു നേരെ നടന്ന ഭീകരാക്രമണത്തിൽ 3 സൈനികർക്കു പരുക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. 2 ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും സംഭവത്തിനു ശേഷം അവർ കാട്ടിനുള്ളിൽ മറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 നാണ് ദേശീയപാതയിലെ മിർ ബസാറിലെ ചെക്പോസ്റ്റിൽ ആക്രമണമുണ്ടായത്.
ജമ്മുവിൽ ഡ്യൂട്ടിക്കിടെ കാണാതായ 2 പൊലീസുകാർ കൊല്ലപ്പെട്ട നിലയിൽ; പിന്നിൽ ഭീകരർ









