പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷകൾ വീണ്ടും പാളുന്നു. യുഎസുമായി ഇനി ചർച്ചയില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ആണവ പദ്ധതിക്കുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽതന്നെ തുടരുമെന്ന് ആവർത്തിച്ചതോടെ, ക്രൂഡോയിൽ വില വീണ്ടും കൂടിത്തുടങ്ങി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ ആക്രമണം വീണ്ടും തുടർക്കഥയായി. സൗദി അറേബ്യയ്ക്കുനേരെ ഹൂതികളുടെ ആക്രമണവും തുടരുകയാണ്.
ഇറാനുമായി ഇനി സൈനികയുദ്ധം തൽക്കാലമില്ലെന്ന് പറഞ്ഞ ട്രംപ്, കടുത്ത വാക്കുകൾ തൊടുത്തതും ആശങ്ക ഉയർത്തുന്നു. ഇറാനിൽ യുഎസ് സൈന്യം വിതച്ചത് കനത്ത നാശമാണെന്നും തകർന്ന അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ഇറാന് 25 വർഷമെങ്കിലും വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ‘‘93% വിജയമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഇറാൻ 100% വിജയം യുഎസ് നേടും. ഇനിയിപ്പോൾ അവർക്കെതിരെ യുദ്ധമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല’’ – ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ പ്ലാൻ യുഎസിന് കൈമാറിയിട്ടുണ്ടെന്നും ഇനി തീരുമാനിക്കേണ്ടത് യുഎസ് ആണെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഖാലിബാഫ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പന്ത് ട്രംപിന്റെ കോർട്ടിലാണെന്നും ഇറാന് ഗുണകരമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് ഒരിക്കലും പഴയപടി ആകില്ലെന്നും ഖാലിബാഫ് പറഞ്ഞു.
കഴിഞ്ഞദിവസം ബാരലിന് 90 ഡോളറിനും താഴെയെത്തിയ ബ്രെന്റ് ക്രൂഡ് വില 92.76 ഡോളറിലേക്കാണ് നിലവിൽ തിരിച്ചുകയറിയത്. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 86 ഡോളർ നിലവാരത്തിലും തുടരുന്നു.
പലിശ ‘യുദ്ധത്തിന്’ യുഎസ്; സ്വർണത്തിന് തകർച്ച
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഇനിയും കുത്തനെ കൂടാനുള്ള സാധ്യതകൾ ആഗോള സമ്പദ്മേഖലയിൽ ആശങ്ക വിതയ്ക്കുകയാണ്. ഡിസംബറിലെ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് 0.50% വരെ പലിശനിരക്ക് വർധന പ്രഖ്യാപിച്ചാലും അതിശയിക്കേണ്ടെന്ന് നിരീക്ഷകർ പറയുന്നു.
യുഎസിൽ ഒക്ടോബറിൽ പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്നിരുന്നു. കഴിഞ്ഞമാസം പണപ്പെരുപ്പം 4 ശതമാനത്തിലേക്കും കത്തിക്കയറി. പലിശനിരക്ക് കൂടാൻ 80 ശതമാനത്തിലധികം സാധ്യതയാണ് വിപണി കാണുന്നത്. പലിശനിരക്ക് കൂട്ടേണ്ട സ്ഥിതിയാണുള്ളതെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളർ, ഷിക്കാഗോ ഫെഡറൽ റിസർവ് പ്രസിഡന്റ് ഓസ്റ്റൺ ഗൂൾസ്ബീ എന്നിവരും പറഞ്ഞതോടെ പലിശഭാരം കൂടുമെന്ന് ഏറക്കുറെ ഉറപ്പായി.
∙ ഇരുവരുടെയും പ്രസ്താവനകളും പലിശ കൂടാനുള്ള സാധ്യതയും യുഎസ് ഡോളർ സൂചികയെ 0.60% മുന്നേറ്റവുമായി 102.84ൽ എത്തിച്ചു.
∙ യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 5 ശതമാനത്തിനടുത്തുമെത്തി.
ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതോടെ സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ മങ്ങലേറ്റു. ഡിമാൻഡ് താഴ്ന്നതോടെ രാജ്യാന്തരവിലയും കനത്ത ഇടിവിലായി. ഔൺസിന് 42 ഡോളർ ഇടിഞ്ഞ് 3980 ഡോളറിലാണ് രാവിലെ വ്യാപാരം. കേരളത്തിൽ ഇന്ന് വില ഇടിയുമെന്ന് ഉറപ്പായി.
ചില അനലിസ്റ്റുകൾ പറയുന്നത് കനത്ത തകർച്ചതന്നെ സ്വർണം നേരിടുമെന്നാണ്. രാജ്യാന്തരവില 3476 ഡോളറിലേക്കുവരെ ഇടിയാം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 90,000 രൂപയ്ക്കു താഴെയെത്തും. ഗ്രാമിന് വില 10,000 രൂപയിലേക്കും താഴും.
ഇന്ത്യൻ ജിഡിപി കുതിക്കും
വെല്ലുവിളികളുടെ പെരുമഴയുണ്ടെങ്കിലും ജിഡിപിയിൽ ഇന്ത്യ തിളങ്ങുമെന്ന പ്രവചനവുമായി പ്രമുഖ ഗവേഷണ, റേറ്റിങ് സ്ഥാപനങ്ങൾ. ഇന്ത്യ ജൂലൈ-സെപ്റ്റംബറിൽ 7.2% വളരുമെന്നാണ് റിസർവ് ബാങ്ക് പറയുന്നതെങ്കിൽ എസ്ബിഐ റിസർച്ചിന്റെ പ്രവചനം 7.8 ശതമാനമാണ്. ഇന്ത്യ നടപ്പുവർഷം 7 ശതമാനത്തിൽ കുറയാതെ വളരുമെന്ന് മൂഡീസും പറയുന്നു.
ഉപഭോഗ വളർച്ചയിലെ സ്ഥിരത, ഉയരുന്ന നിക്ഷേപം, മായുന്ന ഊർജ പ്രതിസന്ധി എന്നിവ ഇന്ത്യയ്ക്ക് കരുത്താകുമെന്നാണ് ഇവർ പറയുന്നത്.
മാനുഫാക്ചറിങ്, സേവന മേഖലകളുടെ ശ്രദ്ധേയമാവുന്ന വളർച്ച ഇന്ത്യൻ ജിഡിപി വളർച്ചയ്ക്ക് അടിത്തറയാകുമെന്ന് എസ്ബിഐ റിസർച്ച് വ്യക്തമാക്കി. കോർപറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലം, ഉയരുന്ന ബാങ്ക് വായ്പാ വിതരണം എന്നിവയും കരുത്താകും.









