തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; മൂന്നുപേർ രാജിവെച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് എറണാകുളത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ നിന്നും മൂന്നുപേർ രാജിവെച്ചു. വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡന്റ, മണ്ഡലം സെക്രട്ടറി, ബൂത്ത് സെക്രട്ടറി എന്നിവരാണ് രാജിവെച്ചത്. പൊന്നുരുന്നി 44 ആം ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി.

രണ്ടുവട്ടം പരാജയപ്പെട്ട ആൾക്ക് തന്നെ സീറ്റ് വീണ്ടും നൽകിയെന്നും അർഹതപ്പെട്ടവരെ സ്ഥാനാർത്ഥിയെ പരിഗണിച്ചില്ലെന്നും വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡന്റ് എ എൻ സജീവൻ ട്വന്റി ഫോറിനോട് പറഞ്ഞു. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശി പരാജയം ചോദിച്ചു വാങ്ങുന്നതെന്ന് എ എൻ സജീവൻ കുറ്റപ്പെടുത്തി. രണ്ട് എംഎൽഎമാരുടെ പിടിവാശിയാണ് തോറ്റയാളെ വീണ്ടും നിർത്തുന്നു. കെ ബാബു എംഎൽഎ, ഉമ തോമസ് എംഎൽഎ എന്നിവരാണ് തോറ്റ സ്ഥാനർഥിയെ വീണ്ടും നിർത്തണമെന്ന് വാശിപിടിക്കുന്നതെന്നത് അദേഹം പറഞ്ഞു.

അതേസമയം കൊച്ചി കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. നാൽപത് സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ ആകെയുള്ള 76 സീറ്റിൽ 65 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. ദീപ്തി മേരി വർഗീസ്, കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ എന്നിവർ ആദ്യഘട്ട പട്ടികയിലുണ്ട്. എന്നാൽ മുൻ മേയർ സൗമിനി ജയിൻ ആദ്യഘട്ട പട്ടികയിലില്ല. രണ്ടാംഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികളെ പ്രതീക്ഷിക്കാമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.