Headlines

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും

തിരുവനന്തപുരം: മാസപ്പടി ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. വിജിലൻസ് പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കവും നിർണ്ണായകമാകും.

എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ നീക്കം. നിലവിലെ എസ്.ഐ.ടിയെ റദ്ദാക്കിയ ഹൈക്കോടതി, കേസ് അന്വേഷിക്കേണ്ടത് വിജിലൻസാണെന്നും വ്യക്തമാക്കിയിരുന്നു. അപ്പീലുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ.

അതേസമയം, ഹൈക്കോടതി ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനായി ഒരുങ്ങുകയാണ് പിണറായി വിജയൻ. കേസിലെ കക്ഷികൾ എന്ന നിലയിൽ നിയമ നടപടി സ്വീകരിക്കാനാണ് ധാരണ. നിയമവിദഗ്ധരുമായി ചർച്ച ചെയ്തശേഷം നടപടികൾ തുടങ്ങും. തങ്ങളെ കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത് എന്നതാണ് പ്രധാന വാദം.