ബംഗാളിൽ MBBS വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; ദുർഗാപൂർ ആശുപത്രിക്ക് മുന്നിൽ സംഘർഷം

ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ദുർഗാപൂർ ആശുപത്രിക്ക് മുന്നിൽ സംഘർഷം. വിദ്യാർഥിനിയെ കാണാൻ എത്തിയ ബിജെപി പ്രവർത്തകരെ തടഞ്ഞതിനെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. ലോക്കറ്റ് ചാറ്റർജി അടക്കമുള്ള ബിജെപി നേതാക്കളെയാണ് തടഞ്ഞത്.

അതിനിടെ 23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ ക്യാമ്പസിന് പുറത്തിറങ്ങിയെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം ഏറെ വിവാദമായി.വിദ്യാർഥിനി ഒരു സ്വകാര്യ മെഡിക്കൽ കോളജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്തമാണ് അത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും,പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്, കുറ്റക്കാരെ വെറുതെ വിടില്ലെന്നും മമത പറഞ്ഞു.

മമതയുടെ പരാമർശത്തെ ബിജെപി എംഎൽഎ അഗ്നി മിത്ര പോൾ വിമർശിച്ചു. ബംഗാളിൽ ഉള്ളത് താലിബാൻ സർക്കാർ ആണെന്ന് എംഎൽഎ പറഞ്ഞു.
അതേസമയം, വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡെപ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. സംഭവത്തിൽ അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.