ഇടുക്കി: അടിമാലിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിഷാംശം ഉള്ളില്‍ ചെന്നാണ് കുഞ്ഞുങ്ങളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചിതല് നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഷം തറയില്‍ വീണ നിലയില്‍ കണ്ടെത്തി. ഇതില്‍ കുഞ്ഞുങ്ങളുടെ കൈ പതിഞ്ഞിട്ടുണ്ട്.
ഈ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് അഫ്സലിന്റെ മൊഴി. പ്രാഥമിക മൊഴി രേഖപ്പെടുത്തിയ ശേഷം അഫ്സലിനെയും ഭാര്യ സാന്ദ്രയെയും ഇന്നലെ പൊലീസ് വിട്ടയച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
അടിമാലി ഒഴുവത്തടത്ത് ഇന്നലെയാണ് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ മരിച്ചത്. വലിയകാട്ടില്‍ അഫ്സല് – സാന്ദ്ര ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാന്‍ – റിഹാന് എന്നിവരാണ് മരിച്ചത്. പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ കുഞ്ഞുങ്ങള്‍ കുടിച്ചിരുന്നുവെന്നാണ് പിതാവ് മൊഴി നല്‍കിയിരുന്നത്.
ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാള്‍ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. അഫ്സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തിന്നര്‍ അകത്ത് ചെന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. അഫ്സലിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.






