കൊച്ചി: എൽനിനോ പ്രതിഭാസവും മഴയുടെ അളവിൽ ഉണ്ടായ കുറവും ഡാമുകളിൽ വെള്ളമില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിൻ്റെ കാരണമെന്ന നിലയിലാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പ്രതികരണം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് സമാനസാഹചര്യത്തിൽ മുൻമന്ത്രി എം എം മണി നടത്തിയ പ്രതികരണം. ഏത് മാര്‍ഗ്ഗത്തിലായാലും വൈദ്യുതി കട്ട് ഒഴിവാക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ കാര്യങ്ങൾ ചെയ്യണം എന്നായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയുടെ പ്രതികരണം. മഴ ലഭ്യത കുറഞ്ഞതിന് പിന്നാലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 2017 ജനുവരി 23നായിരുന്നു എം എം മണിയുടെ പ്രതികരണം. മറ്റ് സാധ്യതകൾ ഉപയോഗിച്ച് വൈദ്യുതി വാങ്ങിയാണെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണം എന്നാണ് ഗവൺമെന്റും ബോർഡും ചിന്തിക്കുന്നതെന്നും എം എം മണി പ്രതികരിച്ചിരുന്നു.
എം എം മണി 2017 ജനുവരി 23ന് നടത്തിയ പ്രതികരണം
‘ഈ വർഷം മഴയില്ല. ഡാമുകളിൽ വെള്ളമില്ല. അതിൻ്റേതായ പ്രശ്നമുണ്ട്. ഡാമിൽ വെള്ളമുണ്ടെങ്കിൽ പോലും നമുക്ക് ആവശ്യമുള്ളതിൻ്റെ 30 ശതമാനം മാത്രമാണ് ഇവിടെ വൈദ്യുതി ഉദ്പാദനം. 70 ശതമാനം വെളിയിൽ നിന്ന് വേറെ സാധ്യത ഉപയോഗിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തവണ 30 ശതമാനം പൂർണ്ണമായി വരുമോ എന്നറിയില്ല, വരുത്താനാണ് ശ്രമിക്കുന്നത്, ഉറപ്പ് പറയാൻ കഴിയില്ല. മഴയില്ലാത്തതും കാലാവസ്ഥ തന്നെയാണ്. ഏതായിരുന്നാലും ഒരു കാര്യമാണ് ഏത് മാർഗ്ഗത്തിലായാലും വൈദ്യുതി കട്ട് ഒഴിവാക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ കാര്യങ്ങൾ ചെയ്യണം. മറ്റ് സാധ്യതകൾ ഉപയോഗിച്ച് വൈദ്യുതി വാങ്ങിയാണെങ്കിലും അത് ഒഴിവാക്കണം എന്നാണ് ഗവൺമെന്റും ബോർഡും ചിന്തിക്കുന്നത്. കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ഇടപെടൽ നടത്തും. ഇവിടെ പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്രത്തിന്റെ സഹായം എത്രകിട്ടുമോ അത്രയും വാങ്ങുക എന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേത്.’
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ എം എം മണിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റും വീണ്ടും ചർച്ചയായിരുന്നു. 2017 മെയ് എട്ടിന് എം എം മണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചർച്ചയായത്. ‘വിദ്യുച്ഛക്തി’ എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം എന്നാരുന്നു അന്ന് എം എം മണി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവർ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും എം എം മണി പറഞ്ഞിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയെന്ന നിലയിലായിരുന്നു എം എം മണിയുടെ പോസ്റ്റ്. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാൻ അറിയാത്ത ആളാണ് സംസ്ഥാനത്തിൻറെ വൈദ്യുതി മന്ത്രി എം.എം. മണിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. എം എം മണി പറയുന്ന കാര്യങ്ങൾ കേരളത്തിന് അപമാനമാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ഹരിപ്പാട് വെച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലിൽ ഡാമുകൾ വറ്റിവരണ്ടപ്പോൾ പവർകട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതും, എല്ലാ കാർഷിക വിളകൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ വലിയ നേട്ടമാണ് എന്നും എം എം മണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ കാലയളവിൽ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ എം എം മണി കുറിച്ചിരുന്നു.









