സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; നാല് മരണം, മൂന്ന് പേരെ കാണാനില്ല

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഹ്യൂം നദിക്ക് കുറുകെ താൽക്കാലികമായി ഒരു മരപ്പാലം നിർമ്മിച്ചുകൊണ്ട് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സിക്കിമിലുണ്ടാവുന്ന രണ്ടാമത്തെ മണ്ണിടിച്ചിലാണിത്. തിങ്കളാഴ്ച ഗ്യാൽഷിങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 45 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.