മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം. സംസ്ഥാനത്താകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. വിക്രോളിയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് പലഗ്രാമങ്ങളും ഒറ്റപ്പെട്ടു. കനത്ത മഴയില്‍ മുംബൈയില്‍ റെയില്‍, ബസ് ഗതാഗതം തുടര്‍ച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടു. കാലാവസ്ഥാവകുപ്പ് തിങ്കളാഴ്ച റായ്ഗഢിലും ലാത്തൂരിലും റെഡ് അലര്‍ട്ടും മുംബൈ, താനെ, രത്‌നഗിരി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ലാത്തൂരില്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടു. തുടര്‍ന്ന് തെര്‍ണ, മഞ്ജര നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തെര്‍ണ അണക്കെട്ടിന്റെ 10 ഗേറ്റുകള്‍ തുറന്ന് വെള്ളം തെര്‍ണാ നദിയിലേക്ക് ഒഴുക്കിയിട്ടുണ്ട്.
മുംബൈയില്‍ ദാദര്‍, കുര്‍ള, സയണ്‍, ചുനാഭട്ടി, തിലക് നഗര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രാക്കുകളില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേകളിലെ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
അടുത്ത 24 മണിക്കൂറും ഇതേ സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. അതേസമയം, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും കോലാപ്പൂര്‍ ജില്ലയിലെ ഘട്ട് പ്രദേശങ്ങളിലും ഓഗസ്റ്റ് 19 ന് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.