പാലക്കാട് നെന്മാറയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച പെൺ സുഹൃത്തിനെയും അച്ഛനെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്. മേലാർക്കോട് സ്വദേശി ഗിരീഷ് ആണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു ഇയാൾ മദ്യലഹരിയിൽ പെൺ സുഹൃത്തിനെയും പിതാവിനെയും ആക്രമിച്ചത്.
ഗിരീഷും നെന്മാറ എൻഎസ്എസ് കോളജിന് സമീപം താമസിക്കുന്ന 22 കാരിയും തമ്മിൽ നാലു വർഷത്തോളമായി പ്രണയത്തിലായിരുന്നു. രണ്ടുവർഷം മുൻപ് ഗൾഫിൽ അക്കൗണ്ടൻ്റ് ആയി ജോലി നേടിപ്പോയ യുവതി തിരിച്ചെത്തിയപ്പോൾ ബസ് ഡ്രൈവറായ ഗിരീഷിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണം. ഇന്നലെ വൈകീട്ടോടെ മദ്യലഹരിയിൽ പെൺ സുഹൃത്തിന്റെ വീടിന് മുന്നിലെത്തിയ ഗിരീഷ് വെട്ടുകത്തിക്കൊണ്ട് യുവതിയെയും പിതാവിനെയും ആക്രമിക്കുകയായിരുന്നു.
ശരീരത്തിൽ നിസാര പരുക്കേറ്റ ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെയാണ് ഗിരീഷിനെ ആലത്തൂർ പൊലീസ് പിടികൂടുന്നത്. പെൺകുട്ടിയുടെ പഠനത്തിനടക്കം സഹായം ചെയ്തത് താനാണെന്നും വിദേശത്ത് ജോലി ലഭിച്ചതോടെ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഗിരീഷ് പൊലീസിൽ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.