പാലക്കാട് യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖ (24) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപിനെ ആലത്തൂർ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ.

നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അഞ്ച്‌ വർഷം മുമ്പാണ് നേഖയുടെയും പ്രദീപിൻ്റെയും വിവാഹം നടന്നത്.

മകളുടെ കഴുത്തിൽ പാടുകൾ ഉണ്ട്. ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചിരുന്നു. നാളെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. പിന്നീട് രാത്രി 12 മണിക്ക് ഭർത്താവ് വിളിച്ച് നേഖ മരിച്ചെന്ന് പറയുകയായിരുന്നു. ആലത്തൂരിലെ ആശുപത്രിയിൽ എത്തുമ്പോൾ സ്വർണാഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഭർത്താവ് പ്രദീപ് ഉപദ്രവിക്കാറുണ്ടെന്ന് നേഖ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.