പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പശുക്കടവ് സ്വദേശികളായ നിവിൻ വർഗീസ്, ജിൽസ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാൻ സഹായിച്ചവരാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.
പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു. മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തിൽ ബോബിയുടെയും, പശുവിൻ്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ചത്ത പശുവിന് ഷോക്കേറ്റത് ഇതേ കെണിയിൽ നിന്നാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.