Headlines

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ഡ്രൈവറും ആണ് മരിച്ചത്. ഈങ്ങാപുഴ സ്വദേശി സുബിക്കി, കൊടുവള്ളി സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരുക്കേറ്റ രണ്ട് പേർ ചികിത്സയിൽ കഴിയുകയാണ്.പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായി തകർന്നു. താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ‌ കഴിഞ്ഞില്ല. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.