പെട്രോൾ പമ്പുകളിൽ ‍ഡിജിറ്റൽ പേയ്മെന്റ് നിർത്തുമെന്ന് ഉടമകൾ; മുഖ്യമന്ത്രി വിജയ്ക്ക് കത്ത്

 

ചെന്നൈ ∙ സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ, കുറ്റവാളികൾ ഓൺലൈൻ ഇടപാടുകൾ നടത്തിയിട്ടുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ ബിസിനസിനെ ബാധിക്കുന്നതായി തമിഴ്നാട്ടിലെ ഇന്ധന വ്യാപാരികൾ. ഇതു തുടർന്നാൽ പെട്രോൾ ബങ്കുകളില്‍ ‍ഡിജിറ്റൽ പേയ്മെന്റ് സൗകര്യം നിർത്തിവയ്ക്കേണ്ടി വരുമെന്നും ഇന്ധന വ്യാപാരികൾ മുന്നറിയിപ്പ് നൽകി. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് തമിഴ്നാട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ കത്തയച്ചു. ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ സാമ്പത്തിക സ്രോതസ്സുകൾ സംബന്ധിച്ച് പമ്പ് ഉടമകൾക്ക് അറിവില്ലാതിരിക്കെ ഓൺലൈൻ തട്ടിപ്പു കേസുകളുടെ പേരിൽ കുറ്റവാളികൾ പമ്പുകളിൽ നടത്തിയ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഉടമകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

മ്യൂൾ അക്കൗണ്ട് നടത്തിയ 837 പേർ അറസ്റ്റിൽ

സൈബർ കുറ്റവാളികൾക്ക് അനധികൃതമായി പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമായി മ്യൂൾ അക്കൗണ്ടുകൾ നടത്തിയ 837 പേരെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 6, 7 തീയതികളിലായാണ് ഇത്രയും പേർ പിടിയിലായതെന്ന് സൈബർ ക്രൈം പൊലീസ് പറഞ്ഞു. ചെന്നൈയിൽ മാത്രം 205 പേരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് 204 മൊബൈൽ ഫോണുകളും 185 സിം കാർഡുകളും 4 കംപ്യൂട്ടറുകളും ഒരു ലക്ഷത്തിലേറെ രൂപയും വിവിധ ബാങ്കുകളുടെ പാസ് ബുക്കുകളും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.

 

കമ്മിഷൻ കൈപ്പറ്റി സ്വന്തം അക്കൗണ്ടുകൾ ഓൺലൈൻ തട്ടിപ്പുകാരുടെ പണമിടപാടുകൾക്കു വിട്ടുകൊടുക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ടുകളെന്ന് പറയുന്നത്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 9,804 പരാതികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മ്യൂൾ ഇടപാടുകാരിലേക്ക് എത്തിയത്. ഇത്തരം അക്കൗണ്ടുകൾ വഴി 545.27 കോടി രൂപയുടെ തട്ടിപ്പുകൾ നടന്നതായാണ് അധികൃതരുടെ കണ്ടെത്തൽ.