Headlines

രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന് ഒരാണ്ട്: പൊലിഞ്ഞത് 14 നിരപരാധികളുടെ ജീവന്‍

രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2025 നവംബര്‍ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ 14 നിരപരാധികളാണ് കൊല്ലപ്പെട്ടത്. വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.

രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ അന്വേഷണം ആദ്യം ഡല്‍ഹി പൊലീസിനായിരുന്നു. പിന്നീട്, എന്‍ഐഎ കേസ് ഏറ്റെടുത്തു. സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയും പ്രതികളുടെ ശൃംഖലയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് എന്‍ഐഎ കണ്ടെത്തി. ഡിഎന്‍എ പരിശോധനയിലൂടെയാണ് കാറിലെ ചാവേറിന്റെ സാന്നിധ്യം അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് നീണ്ടുകിടക്കുന്ന ഭീകരാശൃംഘലയുടെ ചുരുളഴിച്ചതും തുടരന്വേഷണത്തില്‍ നിര്‍ണായകമായി.

2026 മേയ് 14-ന് കേസില്‍ 7,500 പേജുള്ള കുറ്റപത്രം എന്‍ഐഎ സമര്‍പ്പിച്ചു. 588 സാക്ഷിമൊഴികളും നാനൂറോളം രേഖകളും ഇരുന്നൂറിലധികം തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായതായി ഏജന്‍സി അറിയിച്ചു. അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകമായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദുമായി പ്രതികള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പിന്നീട് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിച്ചതോടെ കേസില്‍ പ്രതിചേര്‍ത്തവരുടെ എണ്ണം 13 ആയി.

ഓഗസ്റ്റ് 29-ന് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി കുറ്റപത്രം പരിഗണിച്ചു. ഈമാസം 6 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു പ്രതിഭാഗത്തിന്റെ വാദം പതിനാല് മുതല്‍ കോടതി പരിഗണിക്കും. ഒരു വര്‍ഷത്തനപ്പുറം ചെങ്കോട്ട സ്‌ഫോടനം ഉയര്‍ത്തുന്നത് ഭീകരാക്രമണത്തിന്റെ ഓര്‍മ മാത്രമല്ല, ആഭ്യന്തര സുരക്ഷയും രഹസ്യാന്വേഷണ സംവിധാനങ്ങളും നേരിടുന്ന വെല്ലുവിളികള്‍ കൂടിയാണ്.