‘സാമ്പാറിന് രുചിയില്ല’; കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർഗോഡ് കേരള – കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

കാസർഗോഡ് കേരള -കേന്ദ്ര സർവകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി. സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി.ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരെ മാത്രം വൈസ് ചാൻസിലർ പ്രൊഫ. സിദ്ധു പി അൽഗൂർ നടപടിയെടുത്തെന്നാണ് ആരോപണം.

ദളിത് വിഭാഗക്കാരോട് വൈസ് ചാൻസിലർ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചൻ ഹെൽപ്പർ രൂപേഷ് പറഞ്ഞു. വൈസ് ചാൻസിലർക്ക് ഭക്ഷണം പാകം ചെയ്യുന്നവരിൽ ദളിത് വിഭാഗക്കാർ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്.

എന്നാൽ ഭക്ഷണം മോശമായതിനാൽ മാറ്റി നിർത്തിയതാണെന്ന് രജിസ്ട്രാർ ഡോ. ആർ ജയപ്രകാശ് വ്യക്തമാക്കി. താത്ക്കാലിക ജീവനക്കാരനെ പുറത്താക്കുമ്പോൾ നോട്ടീസ് നൽകണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാൻസിലറുടെ നടപടി. സംഭവത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് കിച്ചൻ ഹെൽപ്പർ രൂപേഷ് പരാതി നൽകി.