ലക്നൗ∙ ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി നടത്തുന്ന തിരംഗാ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു യോഗി. കേന്ദ്രം നടപ്പാക്കുന്ന ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര ആരംഭിച്ചത്. ദേശീയഗാനത്തെയും വന്ദേമാതരത്തെയും അനാദരിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.ബ്രിട്ടിഷ് ഭരണത്തിനെതിരെ 1925 ൽ നടന്ന കകോരി ട്രെയിൻ തടയൽ സംഭവത്തിന്റെ 101–ാം വാർഷികത്തിലാണ് തിരംഗാ യാത്ര സംഘടിപ്പിച്ചത്. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതൃത്വത്തിൽ റാം പ്രസാദ് ബിസ്മിൽ, ഠാക്കൂർ റോഷൻ സിങ്, അഷ്ഫഖുല്ല ഖാൻ എന്നിവരുടെ നേതൃത്വത്തിൽ 1925 ഓഗസ്റ്റ് 9 നാണ് ട്രെയിൻ തടഞ്ഞ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഈ വിപ്ലവകാരികളെ 1927 ൽ ബ്രിട്ടിഷ് സർക്കാർ തൂക്കിക്കൊന്നു. ബ്രിട്ടിഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ സംഭവമാണ് കകോരി ട്രെയിൻ തടയലെന്നു യോഗി ആദിത്യനാഥ് അനുസ്മരിച്ചു.
‘ഹർ ഘർ തിരംഗ’ ദേശീയപതാകയുടെ കീഴിൽ എല്ലാവരെയും ഒരുമിപ്പിക്കുന്ന യജ്ഞമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. തലസ്ഥാനമായ ശ്രീവിജയപുരത്ത് ഉപരാഷ്ട്രപതി ദേശീയപതാക ഉയർത്തി.
∙ ‘ഹർ ഘർ തിരംഗ’ ക്യാംപെയ്നിനു തുടക്കം
സ്വാതന്ത്ര്യദിനാചരണത്തിനു മുന്നോടിയായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ക്യാംപെയ്നിനു തുടക്കം. ക്വിറ്റ് ഇന്ത്യ ദിനം മുതൽ 17 വരെയാണ് പ്രചാരണ പരിപാടി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ കാണിച്ച ധീരത എക്കാലവും പ്രചോദനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണു ക്യാംപെയ്ൻ. ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ കേന്ദ്രമന്ത്രിമാരും നേതാക്കളും പങ്കെടുത്തു.








