ആലുവ തുരുത്തിലെ ഒരു വിവാഹ വീട്ടിൽ നടന്ന കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ് മുസ്ലീം ലീഗ് നേതാവ് മരിച്ചു. എടയപ്പുറം സ്വദേശി എം.എം. അലി (65) ആണ് മരിച്ചത്. ഈ അപ്രതീക്ഷിത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.വിവാഹത്തലേന്നുള്ള ആഘോഷങ്ങളുടെ ഭാഗമായി കോൽക്കളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അലി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൽക്കളിയിൽ സജീവമായിരുന്ന അലി, സംഘത്തിലെ പ്രധാന അംഗമായിരുന്നു. എം.എം. അലി മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു.