ടേം പൂർത്തിയാക്കിയാലും വിജയസാധ്യത പരിഗണിക്കും; കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾക്ക് മുസ്‍ലിം ലീഗ് ഇളവ് നൽകിയേക്കും. എം കെ മുനീർ സന്നദ്ധനെങ്കിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കാം. ടേം പൂർത്തിയായെങ്കിലും എൻ ഷംസുദ്ധീന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ടേം പൂർത്തിയാക്കിയാലും വിജയസാധ്യതയാണ് പരിഗണിക്കുന്നതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.ടേം വ്യവസ്ഥ നടപ്പിലാക്കുമ്പോൾ അഞ്ച് എംഎൽഎമാർക്ക് മുസ്‍ലിം ലീഗിൽ സീറ്റുണ്ടാകില്ല. കെപിഎ മജീദ്, മഞ്ഞളാംകുഴി അലി, പി ഉബൈദുളള, എൻ എ നെല്ലിക്കുന്ന്, പി കെ ബഷീർ എന്നിവർ മാറിയേക്കും. കഴിഞ്ഞ തവണ ഒഴിവായത് ആറുപേരാണ്.

അതിനിടെ പാർട്ടി പറഞ്ഞാൽ ഇത്തവണയും മത്സരിക്കുമെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് 24 നോട് പറഞ്ഞു. സ്ഥാനാർത്ഥിയാക്കും എന്ന് പ്രതീക്ഷയുണ്ട്. സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത് നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് വനിതകൾക്ക് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പാർട്ടി ഗൗരവപൂർവം പരിഗണിക്കും എന്ന് തോന്നുന്നു.
ജയന്തി രാജൻ, സുഹറ മമ്പാട് എന്നിവരെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് അറിയില്ല. അത് ചർച്ച ചെയ്ത് എടുത്ത തീരുമാനം ആണെന്ന് തോന്നുന്നില്ല. പുതുതലമുറയിലെ കുട്ടികളെ പോലെയല്ല, അനുസരണയുള്ളവരാണ് വനിതാ ലീഗ് നേതാക്കൾ. കഴിഞ്ഞ തവണത്തെ തോൽവി ഇപ്പോൾ വിശകലനം ചെയ്യുന്നില്ലെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.