Headlines

പൊളിഞ്ഞുവീഴാറായ വീട്ടില്‍ 22 പേര്‍; വയനാട് കുറുമ്പാലക്കോട്ടയിലെ ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥയില്‍ ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു

വയനാട് കുറുമ്പാലക്കോട്ടയില്‍ തകര്‍ന്ന കുടിലില്‍ കഴിയുന്ന 22 അംഗ കുടുംബത്തിന്റെ ദുരവസ്ഥയില്‍ ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.

വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ഒ ആര്‍ കേളു പറയുന്നു. അര്‍ഹതപ്പെട്ട കുടുംബമെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. എസ് ടി കുടുംബങ്ങള്‍ക്കായി ലാന്‍ഡ് ബാങ്ക് പദ്ധതി നടപ്പാക്കി വരികയാണ്. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലെ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുന്നതാണ് പദ്ധതി. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവരേയും പരിഗണിക്കും. പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരെ അമ്പലംകുന്ന് ഉന്നതിയിലേക്ക് അയയ്ക്കും. ഇവരുടെ ജീവിത സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തും. തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീട്ടില്‍ 22 അംഗ കുടുംബം താമസിക്കുന്ന വിവരം ട്വന്റിഫോറാണ് വാര്‍ത്തയാക്കിയത്. ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ചെന്നെത്താന്‍ പോലും ഏറെ പ്രയാസമുള്ള ഒരിടത്ത് അധികാരികളാരും തിരിഞ്ഞുനോക്കാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം.

ഈ 22 അംഗങ്ങളേയും പൂര്‍ണമായി പുനരധിവസിപ്പിക്കമെന്ന ആവശ്യമാണ് വാര്‍ത്തയിലൂടെ ട്വന്റിഫോര്‍ മുന്നോട്ടുവച്ചിരുന്നത്. അതിനുള്ള വളരെ സുപ്രധാനമായ ഒരു ചുവടാണ് മനുഷ്യാവകാശ കമ്മീഷന്‍ വച്ചിരിക്കുന്നത്. ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് പഞ്ചായത്ത് വിശദീകരിക്കുമ്പോഴും നാളിതുവരെയായി ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ലഭിച്ചിട്ടില്ല. സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയെന്നതും ശ്രദ്ധേയമാണ്.