തടിയന്റവിട നസീറിന് ജയിലില്‍ സഹായം ചെയ്തു; ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

തടിയന്റവിട നസീറിന് സഹായം ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് ജയില്‍ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്.നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിന് എഎസ്‌ഐയും അറസ്റ്റിലായി. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐ ചന്‍ പാഷയെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദക്കേസ് പ്രതികളില്‍ ഒരാളുടെ അമ്മയായ അനീസ് ഫാത്തിമയും അറസ്റ്റിലായി. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും പണം ജയിലില്‍ എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. എന്‍ഐഎയാണ് മൂവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവിലെയും കോലാര്‍ ജില്ലയിലെയും അഞ്ച് സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായ പ്രതികളുടെയും മറ്റ് പ്രതികളുടെയും വീടുകളില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, ചില രേഖകള്‍ എന്നിവ പിടിച്ചെടുത്തു.