തോൽവി കണ്ട് ഇന്ത്യ, ആറ് വിക്കറ്റുകൾ വീണു; ചെന്നൈയിൽ ഇംഗ്ലീഷ് തേരോട്ടം

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലായിരുന്നു. നിലവിൽ ആറിന് 148 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. 62 ഓവറുകൾ ഇനിയും ശേഷിക്കെ തോൽവിയാണ് ഇന്ത്യ മുന്നിൽ കാണുന്നത്

45 റൺസുമായി നായകൻ വിരാട് കോഹ്ലിയും ആറ് റൺസുമായി അശ്വിനുമാണ് ക്രീസിൽ. ഒന്നിന് 39 റൺസ് എന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 15 റൺസെടുത്ത പൂജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 50 റൺസെടുത്ത ശുഭ്മാൻ ഗിൽ പിന്നീട് വീണു

രഹാനെ പൂജ്യത്തിന് പുറത്തായി. റിഷഭ് പന്ത് 11 റൺസിനും വാഷിംഗ്ടൺ സുന്ദർ പൂജ്യത്തിനും പുറത്തായതോടെ ഇന്ത്യ ആറിന് 117 റൺസ് എന്ന നിലയിലെത്തി. ഇനിയുള്ള രണ്ട് സെഷനുകളിൽ പരമാവധി പിടിച്ചു നിന്ന് തോൽവി ഒഴിവാക്കാനുള്ള ശ്രമമാകും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുക

വിജയലക്ഷ്യത്തിൽ നിന്നും 272 റൺസ് അകലെയാണ് ഇന്ത്യ ഇപ്പോഴും. മൂന്ന് വിക്കറ്റെടുത്ത ആൻഡേഴ്‌സണാണ് ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയത്. ജാക്ക് ലീച്ച് രണ്ടും ഡോം ബെസ് ഒരു വിക്കറ്റുമെടുത്തു