ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി.എനിക്ക് എന്റെ കുടുംബക്കാരെക്കാളും തന്ത്രിയെക്കാളും വലുത് അയ്യപ്പനാണ്. ലഭ്യമായ വിവരങ്ങളിൽ നിന്ന് തന്ത്രിക്കെതിരെ കുറ്റമുണ്ടെന്ന് തോന്നുന്നില്ല. തന്ത്രിയെ എന്തെങ്കിലും രീതിയിൽ കുടുക്കണമെന്നുണ്ടെങ്കിൽ പൊലീസിന് അതിന് കഴിയും. ഒരു തെറ്റും ചെയ്യാതെ ആളുകൾ ജയിലിൽ കിടക്കുന്നു. നമ്പി നാരായണനും ദിലീപും വരെ അറസ്റ്റിലായി.
കോടതിയുടെ 9 ഇടക്കാല വിധി ന്യായങ്ങളിൽ ഒന്നിൽ പോലും തന്ത്രിയെ കുറിച്ച് മോശം പരാമർശമില്ല. തന്ത്രി എന്ത് തെറ്റ് ചെയ്തുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. തന്ത്രിയുടെ റോൾ എന്താണെന്ന് ഇതുവരെ SIT പറഞ്ഞിട്ടില്ല. തന്ത്രിയെ കരിവാരി തേക്കുന്നു. കോടതി ഒബ്‌സർവേഷൻ വരാതെ അദ്ദേഹത്തെ കരിവാരി തേക്കരുത്. കോടതി പറയുന്നത് വരെ തന്ത്രിയെ കുറ്റക്കരനെന്ന് പറയരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും.
പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്.
ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.








