Headlines

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് വാരിക്കോരി ഇളവ് നൽകി സർക്കാർ: ഇനി യഥേഷ്ടം പുതിയ കോഴ്സുകൾ തുടങ്ങാം

തിരുവനന്തപുരം: സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ ഇനി യഥേഷ്ടം അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും അനുമതി. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങാൻ എൻഒസി വേണ്ട. സർക്കാരിനെ അറിയിച്ചാൽ മതി എന്നാണ് പുതിയ വ്യവസ്ഥ.

പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ഓരോ വർഷവും എൻഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവർഷത്തിൽ ഒരിക്കൽ ആക്കി. വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം.ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ‌ ആവശ്യപ്പെട്ടു. വർഷാവർഷമുള്ള പരിശോധനകൾ റദ്ദാക്കിയതും, അഡ്മിഷൻ കഴിഞ്ഞ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണെന്ന് അദേഹം ആരോപിച്ചു.

സർക്കാർ നിയന്ത്രണങ്ങൾ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്നതാണ് ഈ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി. സെപ്റ്റംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്‌മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു.