Headlines

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം വിവാദം: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആര്‍.

സെമിനാര്‍ നടപടിക്രമങ്ങള്‍ തടഞ്ഞ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍വകലാശാലയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.വന്ദേമാതരത്തിന്റെ 150ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സെമിനാറില്‍ ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ലൈബ്രറി ഹാളിന് പുറത്തായിരുന്നു ചൊവ്വാഴ്ചത്തെ പ്രതിഷേധമെങ്കില്‍ ബുധനാഴ്ച വിദ്യാര്‍ഥികള്‍ ഹാളിനകത്തേക്ക് ഇരച്ചു കയറി. പ്രതിഷേധിക്കുന്നവരെ എല്ലാം രാജ്യദ്രോഹികള്‍ ആക്കുന്ന സമീപനമാണ് ഗവര്‍ണര്‍ നടത്തിയത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഗവര്‍ണര്‍ ക്യാമ്പസ് വിട്ടു പോയ ശേഷം ആയിരുന്നു വിദ്യാര്‍ഥികള്‍ സംഘടിച്ച് എത്തിയത്. അതിനിടെ സര്‍വകലാശാല പ്രോക്ടര്‍ കെ ശ്രീകുമാര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു. പ്രസംഗിക്കവേ മൈക്ക് ഓഫ് ചെയ്തും ഷൂസ് ഉയര്‍ത്തിപ്പിടിച്ചുമായിരുന്നു പ്രതിഷേധം.