പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഇനി നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം കേന്ദ്രനേതൃത്വമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവം. ഇക്കാര്യത്തിൽ സിപിഐഎം നിലപാട് സ്വീകരിക്കണമെന്നും നയം വ്യക്തമാക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇ ഡി ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് പിണറായി മറുപടി പറയുന്നില്ല. സിപിഐഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഇനിയും നിരവധി കേസുകൾ പുറത്ത് വരും. ബിജെപി – സിപിഐഎം അന്തർധാരയ്ക്ക് പോറൽ സംഭവിച്ചിരിക്കുന്നുവെന്ന് എൻകെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
പിണറായി വിജയൻ, മകൾ വീണ ടി, വീണയുടെ ഭർത്താവും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നൽകിയിരുന്നു. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ഗുരുതര പരാമർശം. കൈപറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഇഡിയുടെ കത്ത് ലഭിച്ചെന്നും നിയമപരമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇഡി നടപടിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം.









