Headlines

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; കുടുംബം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധിയ്‌ക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ കേരളത്തിൽ എത്തിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. കുടുംബത്തിന് തുടക്കം മുതൽ നിയമ പോരാട്ടത്തിന് സഹായം നൽകുന്നത് സിപിഐ നേതാവ് കൂടിയായ പി.കെ രാജുവാണ്.

പ്രതികളെ വെറുതെ വിടാനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുന്ന ഉത്തരവ് ലഭിച്ചിരുന്നു. 178 പേജുകളുള്ള ഉത്തരവാണ് ലഭിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതികളെ വെറുതെ വിട്ടതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ഉത്തരവിൽ ഉണ്ട്. അത് തങ്ങളുടെ സുപ്രീം കോടതിയിലെ വക്കീൽ കുടുംബത്തിന്റെ വക്കാലത്ത് ഒപ്പിടിപ്പിച്ച് നടപടി പൂർത്തിയാകും. ഉദയകുമാറിന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്നും പി.കെ രാജു പറഞ്ഞു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി. ഒന്നാം പ്രതിക്ക് നേരത്തെ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.

മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു.

ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.