Headlines

തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദനം; SI യെ സസ്‌പെൻഡ് ചെയ്യാൻ നീക്കം, സാധ്യത തേടി പൊലീസ്

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സസ്പെൻഷൻ സാധ്യത തേടി പൊലീസ്. എസ്ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് നീക്കം.ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോർട്ടിൽ വേഗത്തിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്‌പെൻഡ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ഇക്കാര്യത്തിൽ തീരുമാനം അറിയാൻ സാധിക്കും. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

മർദനദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം 24-ാം തീയത് പീച്ചിയിലെ ഹോട്ടലിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഹോട്ടൽ ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയിൽ എടുക്കുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു. ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി എസ്ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ ഔസേപ്പ് പറയുന്നു. ഇല്ലെങ്കില്‍ പോക്സോ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്യും എന്ന് എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഔസേപ്പ് വ്യക്തമാക്കി.

രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോർട്ട്‌ വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു.