കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പാളിച്ചകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.
പ്രതികളായ ഉഗോചുക്വു ജോൺ 2010-ലും, ഹെൻറി ഓണുച്ചു 2015-ലും, ഒകോലി റൊമാനസ് 2019-ലും ഇന്ത്യയിൽ എത്തിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർ എല്ലാവരും വിസ കാലാവധി കഴിഞ്ഞിട്ടും നീണ്ട കാലം രാജ്യത്ത് താമസിച്ചു. ഇത്രയും വർഷം ഒരു സുരക്ഷാ പരിശോധനയും ഇവർക്ക് നേരിടേണ്ടി വന്നില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇത് രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് സംഭവിച്ച വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ഈ വിഷയത്തിൽ വ്യക്തത വരുത്താൻ കോഴിക്കോട് പൊലീസ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ ഇന്ത്യയിൽ എത്തിയതിനെക്കുറിച്ചും അവരുടെ താമസത്തെക്കുറിച്ചും നിലനിൽക്കുന്ന ദുരൂഹതകൾ നീക്കാൻ ഇത് സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
ഈ കേസിന്റെ അടിസ്ഥാനം 2025 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയാണ്. അന്ന് പിടിയിലായ മലപ്പുറം സ്വദേശി നൈജീരിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിരന്തരം പണം അയച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തെ കേരള പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു.
റെയ്ഡിനിടെ നൈജീരിയൻ പൗരന്മാരായ ഉഗോചുക്വു ജോൺ, ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ പിടിയിലായി. നൈജീരിയയിലെ അഴിമതിയും തൊഴിലില്ലായ്മയുമാണ് തങ്ങളെ ഈ വഴിക്ക് നയിച്ചതെന്ന് പ്രതികൾ പൊലീസിനോട് മൊഴി നൽകിയിരുന്നു.