Headlines

സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്; പിഴവുണ്ടായിട്ടില്ല, വിശദീകരണവുമായി റെയിൽവേ

 

സമൂസ വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ വീഡിയോയിൽ വിശദീകരണവുമായി വെസ്റ്റേൺ റെയിൽവേ. ലോക്കോ പൈലറ്റിൻ്റെ ഭാഗത്ത് പിഴവുണ്ടായിട്ടില്ല എന്ന് റെയിൽവേ PRO അറിയിച്ചു. അംഗീകൃത ഹാൾട്ടിനിടെയാണ് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. സമൂസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും റെയിൽവേ അറിയിച്ചു. സമോസ വാങ്ങാൻ വേണ്ടി മാത്രം ആരും വണ്ടി നിർത്തിയിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. സിഗ്നൽ കാത്തു കിടന്നപ്പോൾ ഭക്ഷണം വാങ്ങിയതിനെ ആരോ മനപൂർവ്വം എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതാണെന്നാണും റെയിൽവേ പറയുന്നു.

 

 

മധ്യപ്രദേശിലെ ഇൻഡോറിന് സമീപമുള്ള രംഗ്വാസ റോഡിൽ നിന്നാണ് ഈ കൗതുകക്കാഴ്ച എന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്.റെയിൽവേ ട്രാക്കിന് തൊട്ടടുത്തുള്ള കടയിലേക്ക് ലോക്കോ പൈലറ്റ് നടന്നുപോകുന്നതും, അവിടെനിന്ന് സമോസകൾ വാങ്ങി തിരികെ വന്ന് ട്രെയിനിൽ കയറുന്നതുമാണ് വൈറൽ വീഡിയോയിലുള്ളത്. ലോക്കോ പൈലറ്റ് കയറിയതിന് പിന്നാലെ ട്രെയിൻ മുന്നോട്ട് എടുക്കുകയും ചെയ്യുന്നുണ്ട്.വീഡിയോ നിമിഷനേരം കൊണ്ട് എക്സിലും ഇൻസ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ വ്യാപക വിമർശനമാണ് ലോക്കോ പൈലറ്റിനെതിരെ ഉയർന്നത്.

 

ഇൻഡോർ-മഹൂ ഡെമു പാസഞ്ചർ ട്രെയിൻ സ്ഥിരമായി ഇവിടെ സമോസ വാങ്ങാൻ നിർത്താറുണ്ടെന്ന് വരെ ചിലർ ആരോപിച്ചതോടെ സംഭവം വൻ ചർച്ചയായി. വാർത്ത പുറത്തുവന്നതിന് പിന്നാലെ റെയിൽവേ അന്വേഷണത്തിനും ഉത്തരവിട്ടു.റെയിൽവേയുടെ അന്വേഷണത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പശ്ചിമ റെയിൽവേ ഔദ്യോഗികമായി വ്യക്തമാക്കി. അത് പാസഞ്ചർ ട്രെയിനല്ലെന്നും ചരക്ക് തീവണ്ടിയാണെന്നും റെയിൽവേ അറിയിച്ചു. യാർഡിലെ ചില എൻജിനീയറിങ് ജോലികൾ കാരണം റെഡ് സിഗ്നൽ വീണതിനെ തുടർന്നാണ് ട്രെയിൻ അവിടെ നിർത്തിയത്. ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി ഭക്ഷണം വാങ്ങിയത്.