Headlines

കോന്നിയിലെ പാറമട അപകടം; ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 7 മണി മുതലാകും ദൗത്യം ആരംഭിക്കുക. മണ്ണിടിച്ചിലാണ് പ്രധാന വെല്ലുവിളി. അതിനാൽ NDRFഉം , ഫയർഫോഴ്സും ചേർന്ന് പ്രത്യേക പ്ലാൻ തയ്യാറാക്കിയാകും രക്ഷാപ്രവർത്തനം. പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തിരുന്നു

ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് റിപ്പോർട്ട് തേടിയെന്ന് ജില്ലാ കലക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് കലക്ടർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം.