Headlines

‘സിറ്റിങ് സീറ്റുകൾക്കൊപ്പം നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും, LDF 110 സീറ്റ് നേടി അധികാരം നിലനിർത്തും’; മന്ത്രി.പി.എ. മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും.
13066 പേരെ 156 കുടുംബ യോഗങ്ങളിലായി താൻ നേരിൽ കണ്ടു. എവിടെയും ഭരണത്തെ കുറിച്ചോ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചോ വികസന പ്രവർത്തനങ്ങളെ കുറിച്ചോ വിമർശനം ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഭരണവിരുദ്ധ വികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബേപ്പൂരിൽ ആരെ വേണമെങ്കിലും യുഡിഎഫ് നിർത്തട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്, ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ 13 മണ്ഡലങ്ങളിലും വെല്ലുവിളിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിന് ഒരു ഗോലുവിന്‍റെയും സ്ട്രാറ്റജിയില്ല. ജനങ്ങളുടെ സ്ട്രാറ്റജിയാണ് എൽഡിഎഫിനെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിനെയാണ് മന്ത്രി പരാമർശിച്ചത്.