ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ സിപിഐഎം നേതാവ് എം എം മണി. രണ്ട് ടേം വ്യവസ്ഥയിൽ എം എം മണിക്ക് ഇളവ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം എം മണി മത്സരിക്കണമെന്നാണ് ആവശ്യം. ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ.എം എം മണിക്ക് പകരം മറ്റു പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ജയ സാധ്യത കൂടുതൽ എംഎം മണിക്ക് എന്നാണ് കണക്കുകൂട്ടൽ. 38305 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ എംഎം മണി ഉടുമ്പൻചോലയിൽ വിജയിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ 110 സീറ്റു നേടാനുറച്ച് മുഖ്യമന്ത്രിയും ഇടത് മുന്നണിയും. വികസനത്തിലൂന്നി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനും തീരുമാനം . വമ്പൻ സോഷ്യൽ മീഡിയ കാംപെയ്നും തുടക്കമാകുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗത്തെ അറിയിച്ചു. ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരെ ഏകോപനം ഏൽപ്പിച്ചു. നൂറു സീറ്റെന്ന യു ഡി എഫ് ലക്ഷ്യത്തിന് മറുപടിയായാണ് മിഷൻ 110 മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നൽ അവതരിപ്പിച്ചത്.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദ്ദേശിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.
വികസനം ജനം അറിയണം.ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് വിലയിരുത്തലുണ്ട്..
ആ കുറവ് പരിഹരിക്കാൻ വിപുലമായ പ്രചരണം വേണം. വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണം.
ബിജെപി നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പത്തു വർഷത്തിൽ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി. അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി. വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






