തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം. വേണുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതർ ഒന്നും പറഞ്ഞില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. വേണുവിന് ചികിത്സാ നിഷേധിച്ചുവെന്നും കുടുംബം ആവർത്തിച്ചു.വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്.
മെഡിക്കൽ കോളജിലേത് ദയനീയമായ അവസ്ഥയാണ്. കാശുള്ളവർ ആരും മെഡിക്കൽ കോളജിലേക്ക് പോകിലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത പാവങ്ങൾ അല്ലെ അവിടേക്ക് പോകൂ. മക്കളെ വലിയ നിലയിൽ എത്തിക്കണമെന്ന ഒരു അച്ഛന്റെ ആഗ്രഹമാണ് ഇല്ലാതായത് സിന്ധു പറഞ്ഞു.
ശ്വാസം മുട്ടൽ ഉണ്ടായപ്പോഴാണ് വേണുവിനെ ഐസിയുവിലേക്ക് മാറ്റിയത്. വേറൊരു ഡോക്ടർ വന്നിട്ടാണ് നെഞ്ചിന് നീർകെട്ടുണ്ടെന്ന് പറഞ്ഞത്.അതുവരെ ആരും ഒന്നും പറഞ്ഞിരുന്നില്ല. ഐസിയുവിൽ കയറ്റി കുറച്ചു കഴിഞ്ഞപ്പോഴേക്കും നിലഗുരുതരമാണെന്ന് പറയുകയാണ് ഉണ്ടായത്. ക്രിയാറ്റിൻ ലെവൽ കൂടുതൽ ആണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തലവേദനയുണ്ടായപ്പോൾ ആ മരുന്ന് പോലും തരാൻ സിസ്റ്റർമാർ തയ്യാറായിരുന്നില്ല. ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ തരില്ലെന്ന് പറയുകയായിരുന്നു. ഒടുവിൽ ഡോക്ടറുടെ സമ്മത പ്രകാരം തൻ്റെ കൈയ്യിൽ ഇരുന്ന മരുന്നാണ് ഭർത്താവിന് നൽകിയത്. ആൻജിയോഗ്രാം ചെയ്യാൻ ആദ്യം ബുധനാഴ്ച തീരുമാനിച്ചു. പിന്നീട് ആശുപത്രിയിൽ തിരക്ക് ആയതിനാൽ മാറ്റിവെക്കുകയായിരുന്നു ഭാര്യ സിന്ധു പറഞ്ഞു.
മെഡിക്കൽ കോളജിലെ അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായിരുന്നത്. വീൽ ചെയർ തള്ളി തരാൻ പോലും സ്റ്റാഫുകൾ തയ്യാറായിരുന്നില്ല. അതൊന്നും ഞങ്ങളുടെ ഡ്യൂട്ടി അല്ലെന്നാണ് അവർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്നും സിന്ധു വ്യക്തമാക്കി.
അതേസമയം, വേണു മരിച്ച സംഭവത്തിൽ ഇന്നും പ്രതിഷേധം തുടരും. ആരോഗ്യവകുപ്പിന്റെ വീഴ്ചയിൽ വിവിധ സംഘടനകൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായിരിക്കും. ഇന്നലെ യൂഡിഎഫ് ദേശീയപാത ഉപരോധിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തനിക്ക് ചികിത്സ നിഷേധിച്ചിതായ് വേണു പറയുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്. അടിയന്തിര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നുണ്ട്.







